എറണാകുളം ജില്ലയിൽ, കുന്നത്ത്നാട് താലൂക്കിൽ, അശമന്നൂർ ഗ്രാമ പഞ്ചായത്തിന്റെ വടക്ക് ഭാഗത്ത് പെരിയാർവാലി കനാലിന്റെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്ന പ്രകൃതിരമണീയമായൊരു പ്രദേശമാണ് പനിച്ചയം. അശോകമന്നൂർ അല്ലെങ്കിൽ അശോകമന്നന്റെ ഊര് ലോപിച്ചാണ് അശമന്നൂരായതെന്ന് പറയപ്പെടുന്നു. പനിച്ചയം കാവിലെ പനച്ചി യക്ഷിയുടെ നാമധേയത്തിൽ നിന്ന് പനിച്ചയം എന്ന പേർ വന്നുവെന്ന് വിശ്വസിക്കുന്നു, പനച്ചി മരങ്ങളാൽ സമ്പന്നമായതിനാൽ പനിച്ചയം എന്ന പേർ വന്നുവെന്നും കരുതപ്പെടുന്നു. എഴുതപ്പെട്ട ചരിത്രങ്ങൾ ഒന്നും ഈ ദേശത്തെക്കുറിച്ചു ലഭ്യമല്ല. ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിതമായെന്നു കരുതുന്ന കല്ലിൽ ഭഗവതി ക്ഷേത്രം ഇവിടെ നിന്നും 4 Km മാത്രം അകലെയാണ്. അക്കാലത്തു തന്നെ പനിച്ചയം കാവിന്റെ രൂപീകരണ സാധ്യതയും നിലനിൽക്കുന്നു, ഇതിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പനിച്ചയം ദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നതായി കരുതാം. കാലങ്ങൾക്ക് മുൻപ് തന്നെ കൃഷി പ്രധാന വരുമാനമാർഗ്ഗമാക്കിയിരുന്ന ഇവിടുത്തെ ഉത്സാഹികളായ ജനങ്ങൾ നെൽക്കൃഷിയിലും, ഇഞ്ചിപ്പുൽ കൃഷിയിലും നിപുണരായിരുന്നു,
അതു പോലെ, പാണിയേലി മുതൽ പനിച്ചയം വരെ ഇഞ്ചി കൃഷിയും ധാരാളമായി ചെയ്തിരുന്നു. ഇഞ്ചിപ്പുൽ വാറ്റു കേന്ദ്രങ്ങൾ പനിച്ചയം, അശമന്നൂർ കരകളിൽ ധാരാളമായി കാണപ്പെട്ടിരുന്നു, ഇഞ്ചിപ്പുൽ തൈലം നിർമ്മിക്കുന്നതിൽ ഈ കരകൾക്ക് വളരെ പ്രാവീണ്യം ഉണ്ടായിരുന്നു എന്നതിന്റെ യും, ഈ പ്രദേശത്തെ പൂർവീകർ കൃഷിയിൽ എത്ര മാത്രം മുന്നേറിയിരുന്നു എന്നതിന്റെ യും തെളിവാണ്, ഏഷ്യയിലെ ഏക ഇഞ്ചിപ്പുൽ ഗവേഷണ കേന്ദ്രം പനിച്ചയത്തു നിന്നും 2 KM മാത്രം അകലെ ഓടക്കാലിയിൽ സ്ഥിതി ചെയ്യുന്നത്. 1962 ൽ പെരിയാർവാലി കനാൽ വന്നതോട് കൂടി കാർഷികമേഖലയിലെ കുതിച്ചുചാട്ടത്തിന് പനിച്ചയം ദേശം സാക്ഷ്യം വഹിച്ചു. പുതിയ കാർഷിക വിളകളോടൊപ്പം, 3 പൂവിലും നെൽകൃഷിയും ആരംഭിച്ചു.ഇത് ഈ ദേശത്തിന്റെ പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിച്ചു. ജാതിമത ഭേദമന്യേ ഈ പ്രദേശത്തുകാർ ഐകമത്യത്തോടെ ജീവിച്ചു വരുന്നു.