"കാളി കാളി മഹാകാളി ഭദ്രകാളി
നമോസ്തുതേ, കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ"
പ്രകൃതിയുടെ കാവലാണ് കാവുകൾ. അനേകമായിരം വരുന്ന കാവുകളിൽ പനിച്ചയം ദേശത്തിന്റെ കാവലും, ആശ്രയവും, ശക്തിയുമാണ് പനിച്ചയം കാവ്. അഭീഷ്ടവരദായനിയായ ശ്രീ ഭദ്രകാളി വാഴുന്ന ഈ കാവിനെ പണ്ട് മുതലേ വിളിച്ചു പോന്നിരുന്നത് പനിച്ചേരിക്കാവെന്നും, കാവിലമ്മയെ പനിച്ചേരി മുത്തി എന്നുമാണ്. ശ്രീ ശ്രീ ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്‌ഠ. ശാന്ത സ്വരൂപിണിയായി അമ്മ ദേവി സർവ്വൈശ്വര്യവും ചൊരിഞ്ഞു, വരദായനിയായി മന്ദസ്മിതം തൂകി പനിച്ചയത്ത് വാണരുളുന്നു. പനിച്ചയത്തിന്റെ ചുറ്റും നാനാ ദേശത്തു നിന്നുള്ള ഭക്തർക്ക് ആശ്രയമാണ് പനിച്ചയം മുത്തി. വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന അമ്മയെ വണങ്ങി അനുഗ്രഹം തേടി ജാതി മത ഭേദമന്യേ നാനാദേശത്തു നിന്നും ഭക്തർ ഇവിടെ എത്തുന്നു. ജാതി മത തിരിവുകളില്ലാതെ സർവർക്കും പനിച്ചയം കാവിൽ പണ്ടുമുതൽക്കേ പ്രവേശനം അനുവദനീയമായിരുന്നു. അശമന്നൂർ പഞ്ചായത്തിൽ പനിച്ചയത്തു സ്ഥിതി ചെയ്യുന്ന പനിച്ചയം കാവിന് എഴുതപ്പെട്ട വ്യക്തമായൊരു ചരിത്രം ഇത് വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
എന്നിരുന്നാലും കാലങ്ങളായി പഴമക്കാർ പറഞ്ഞുവന്ന വസ്തുതകളിലെയും, അശമന്നൂരിന്റെയും, അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന കല്ലിൽ ക്ഷേത്രത്തിന്റെയും, അശമന്നൂർ അമ്പലത്തിന്റെയും ചരിത്രവുമായി ബന്ധപ്പെടുത്തി പനിച്ചയം കാവിനെയും അറിയാനായി സാധിക്കും. ഒൻപതാം നൂറ്റാണ്ടിൽ ജൈന മതസ്ഥർ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന താണ് കല്ലിൽ ക്ഷേത്രം. ഏകദേശം ആ കാലത്ത് തന്നെ പനിച്ചയത്തും ചുറ്റും ദേശങ്ങളിലും ദൈവാരാധനയും ക്ഷേത്രങ്ങളും കാവുകളും ആരംഭിച്ചിരിക്കാം. ജൈനമതക്കാരുടെ പ്രധാന ദേവതകളിൽ ഒന്നായ 'ഐലിയക്ഷി' പ്രതിഷ്‌ഠ പനിച്ചയം കാവിലും കാണുന്നത് ഇതിനു ഒരു തെളിവാണ്. അഹിംസ പിന്തുടർന്ന് കൃഷി ചെയ്തു ജീവിച്ചിരുന്ന ജൈന മതസ്ഥരുടെ കാലഘട്ടത്തിൽ ഗോക്കളെ ആരാധിച്ചു പോന്നിരുന്നു. മൃഗബലിയും മറ്റും അന്നുണ്ടായിരുന്നില്ല. പിന്നീട് കാലാനുസൃതമായി കാവിന്റെ സംരക്ഷകരും, നടത്തിപ്പുകാരും മാറുകയും മൃഗബലി, ഗുരുതി പോലുള്ള ആചാരങ്ങൾ തുടങ്ങിയതായും മനസിലാക്കാം.
പനിച്ചയം കാവിലും ഒരു കാലത്ത് ഗുരുതി ഉണ്ടായിരുന്നു എങ്കിലും, ഒരു കാർഷിക സംസ്കാരത്തിലൂടെ തന്നെയാണ് ഈ കാവ് നിലനിന്നു പോന്നത്. ചുറ്റും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരത്തിനു നടുവിലായി അടുക്കി വച്ച കുറച്ചു ചെങ്കല്ലുകൾക്ക് മുകളിലായി കാണപ്പെടുന്നതായിരുന്നു ആദ്യകാലത്തെ പനിച്ചേരി മുത്തിയുടെ പ്രതിഷ്‌ഠ. കാർഷികവൃദ്ധിയിലൂടെ ലഭിക്കുന്ന വിളവിന്റെ ഒരു പങ്ക് പനിച്ചേരി മുത്തിക്ക് സമർപ്പിച്ചു വർഷത്തിലൊരിക്കൽ താലപ്പൊലി മഹോത്സവം നടത്തി പ്പോരുന്ന പതിവ് ഇവിടെ നിലനിന്നിരുന്നു. പനിച്ചയം ദേവി ക്ഷേത്രത്തിനു വേണ്ടി നാട്ടുകാർ രൂപീകരിച്ച സംഘടനയാണ് ദേവി വിലാസം യോഗം, പനിച്ചയം. ആദ്യകാലത്ത്, ശ്രീ പി കെ ചന്ദ്രശേഖരൻ (PKC) പ്രസിഡന്റ് ആ യും, ശ്രീ കെ കൃഷ്ണൻ കുട്ടി നായർ സെക്രട്ടറി ആയും പ്രവർത്തനം തുടങ്ങി. 1967 മാർച്ച് 13 ആം തീയതി ചേർന്ന യോഗമാണ് അന്ന് ക്ഷേത്രത്തിനു ശ്രീകോവിൽ പണിത് ജീർണ്ണോദ്ധാരണം നടത്താൻ തീരുമാനിച്ചത്. 1968 ജൂലൈ 8 ആം തീയതി ശ്രീകോവിൽ പണിത് പ്രതിഷ്ഠാ ദിനം നടത്തിയ ക്ഷേത്രം, ഇന്ന് കാണുന്ന രീതിയിൽ ശ്രീകോവിൽ പണിത് നവീകരിക്കുകയുണ്ടായി. രക്ഷസും, ചിത്രകൂടം, നാഗയക്ഷി, നാഗരാജാവ്, ഉൾപ്പെടെ ഐലിയക്ഷി, അന്തിമഹാകാളി, വെള്ളാംഭഗവതി, ശാസ്താവ്, തുടങ്ങിയ ഉപദേവതകളും, പ്രതിഷ്ടകളും ഇവിടെയുണ്ട്. ദേശം വാണ പ്രഭുവിന് സ്ഥാനം കൊടുക്കുന്ന പ്രഭുസ്ഥാന പ്രതിഷ്ടയും ഇവിടെ കാണാം. ദേവിക്ക് വലതായി ചുറ്റമ്പലത്തിനുള്ളിൽ ഗണപതി പ്രതിഷ്‌ഠയും ഉണ്ട്.
കടും പായസവും, പുഷ്പാഞ്ജലിയും, ഗുരുതി പുഷ്പാഞ്ജലിയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്.മാംഗല്യ ഭാഗ്യത്തിനായി പട്ടും താലിയും സമർപ്പിക്കുന്നതും ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നായി കണക്കാക്കിപ്പോരുന്നു. ആദ്യ കാലങ്ങളിൽ കുംഭമാസത്തിലെ രേവതി, അശ്വതി, ഭരണി നാളുകളിൽ 3 ദിവസങ്ങളായി ഉത്സവം കൊണ്ടാടിയിരുന്നെങ്കിലും, പിന്നീട് 10 ദിവസങ്ങളിലായി വിപുലമായ കലാ സാംസ്കാരിക പരിപാടികളോട് കൂടി ഉത്സവം ആഘോഷിച്ചു വരുന്നു. ഉത്സവത്തിന് ഗരുഡൻ തൂക്കവും, പറനിറക്കലും, കലംകരിക്കലും പ്രധാന വഴിപാടുകളാണ്. നൂറെണ്ണത്തിന് മുകളിൽ ഗരുഡൻതൂക്കം നിറഞ്ഞു കളിച്ചിരുന്ന പനിച്ചയം ദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വളരെ പ്രസിദ്ധമാണ്. അടുത്ത കാലം വരെ പനിച്ചയത്തിനു ചുറ്റുമുള്ള ദേശങ്ങളിലെ ഭവനങ്ങളിൽ ദേവിയെ എഴുന്നള്ളിച്ചു, പറനിറ വഴിപാട് എടുത്തു പോന്നിരുന്നു. ജാതിമത ഭേതമന്യേ സർവ്വരും ഉത്സാഹത്തോടെ നാട്ടിൽ ഒരുമിച്ചു കൂടി ഭക്തി നിർഭരമായി താലപ്പൊലി മഹോത്സവം ഇന്ന് കൊണ്ടാടുന്നു. ക്ഷേത്രത്തിനു സമീപമുള്ള ദേശങ്ങളിലായി കൊട്ടേക്കാവ്, ഇരിങ്ങോൾ കാവ്, അശമന്നൂർ ശ്രീ തിരുവല്ലാഴപ്പൻ ക്ഷേത്രം, പുന്നയം മഹാദേവ ക്ഷേത്രം, കല്ലിൽ ഭഗവതി ക്ഷേത്രം, നൂലേലി ശിവ ക്ഷേത്രം, കുളക്കുന്നേൽ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. മംഗള കർമങ്ങൾ നടത്തുന്നതിനായി ഊട്ടുപുര സൗകര്യവും, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിശാലമായ സൗകര്യവും ക്ഷേത്രം വകയായി ക്രമീകരിച്ചിട്ടുണ്ട്.
Sl. No | Ritual | Date |
---|---|---|
1 | പ്രതിഷ്ഠാ ദിനം | മേടമാസത്തിലെ രോഹിണി. |
2 | വിദ്യാരംഭം | കന്നി മാസത്തിലെ മഹാനവമി, വിജയദശമി. |
3 | ആയില്യം പൂജ | കന്നി മാസത്തിലെ ആയില്യം. |
4 | ദേശ വിളക്ക് | വൃശ്ചിക മാസം. |
5 | രാമായണ മാസാചരണം | കർക്കിടക മാസം. |
6 | താലപ്പൊലി മഹോത്സവം | കുംഭമാസത്തിലെ ഭരണി. |
ക്ഷേത്ര വകയായി ആദ്യമായി നിർമിച്ച ഈ ഭണ്ഡാരം, പനിച്ചയം കനാൽ കവലയിൽ സ്ഥിതി ചെയ്യുന്നു. കാലങ്ങളായി ഉത്സവം, ദേശവിളക്ക് തുടങ്ങിയവയ്ക്ക് ഇവിടെ നിന്നും താലം എതിരേൽപ്പ് പതിവുണ്ട്. പനിച്ചേരിക്കാവിലമ്മയെ ഇവിടെ വണങ്ങി, വഴിപാട് അർപ്പിച്ചു പോകുന്നവർ അനവധി.
കഴിഞ്ഞ 65 വർഷത്തോളമായി പയ്യാലിൽ ശ്രീ മോഹനൻ തച്ചരുകുടി വക സ്ഥലത്ത് സ്ഥാപിതമായിരുന്ന ദേവി ക്ഷേത്ര ഭണ്ഡാരം ദേവിയുടെ അനുഗ്രഹത്താൽ പുനർനിർമ്മിക്കുകയുണ്ടായി. പയ്യാൽ ഭക്തജന കൂട്ടായ്മയായ പയ്യാൽ ഭക്തജന സമൂഹത്തിന്റെ ശ്രമഫലമായി ദേവീക്ഷേത്ര ഭണ്ടാരത്തിനു വേണ്ടി വാങ്ങിച്ചു നൽകിയ ഒരു സെന്റ് ഭൂമിയിൽ നിർമ്മിച്ച പുതിയ ഭണ്ടാരത്തിന്റെ സമർപ്പണം 2025 ഫെബ്രുവരി 05 ബുധനാഴ്ച (കൊല്ല വർഷം 1200, മകര ഭരണി) രാവിലെ 06 മണിക്ക് ക്ഷേത്ര മേൽശാന്തി ശ്രീ സന്തോഷ് കുമാർ അവർകളുടെ കാർമികത്വത്തിൽ നടത്തപ്പെട്ടു. അന്നേ ദിവസം വൈകിട്ട് ക്ഷേത്ര ഭണ്ടാരനടയിൽ വച്ച് ദീപാരാധനയും തുടർന്ന് പ്രസാദ ഊട്ടും, കലാപരിപാടികളും നടക്കുകയുണ്ടായി. ജാതി മത ഭേദമന്യേ നല്ലവരായ എല്ലാ നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും ജനിച്ചവർ നക്ഷത്രവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഇതിനായി ക്ഷേത്ര കമ്മറ്റി 2024ൽ ക്ഷേത്ര പരിസരത്ത് ഒരു നക്ഷത്ര വനവും നിർമ്മിച്ചിരുന്നു.